PM Modi to visit Ockhi-hit fishing villages in Kerala
ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിനും ദുരന്തം വിലയിരുത്തുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. കേരളത്തിന് പുറമേ കന്യാകുമാരിയും ലക്ഷദ്വീപും മോദി സന്ദര്‍ശിക്കും. സന്ദര്‍ശനത്തീയതി സംബന്ധിച്ച് കൃത്യമായ വിവരം പുറത്ത് വന്നിട്ടില്ല. ഈ വരുന്ന തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രധാനമന്ത്രി കേരളത്തിലെത്തും എന്നാണ് സൂചന. പ്രധാമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം തീരദേശത്ത് സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് മോദിയും കേരളത്തിലേക്ക് വരുന്നത്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാരിനൊപ്പം കേന്ദ്രവും ഏറെ പഴി കേട്ടിരുന്നു. ദുരന്ത ബാധിതരെ പ്രധാനമന്ത്രി സന്ദര്‍ശിക്കണമെന്ന് തീരദേശത്തെ മത്സ്യത്തൊഴിലാളികളും ലത്തീന്‍ സഭാ നേതൃത്വവും ആവശ്യവും ഉന്നയിക്കുകയുണ്ടായി. ഓഖി ദുരന്തത്തില്‍ കേന്ദ്രം കേരളത്തോട് രാഷ്ട്രീയ പക്ഷപാതിത്വം കാണിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ട മോദി കേരള മുഖ്യമന്ത്രിയെ വിളിച്ചില്ലെന്നും ആക്ഷേപം ഉന്നയിക്കപ്പെട്ടിരുന്നു. നേരത്തെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. നിര്‍മ്മല സീതാരാമന് തീരദേശത്ത് വന്‍ സ്വീകാര്യത ലഭിക്കുകയുമുണ്ടായി.